വീട്ടുവളപ്പിലെ വെള്ളക്കെട്ടും മാലിന്യപ്രശ്നവും
*** എളുപ്പം പരിഹരിക്കാം ***
(1st in സയന്‍സ് പ്രൊജക്റ്റ് - പറവൂര്‍ ഉപജില്ല)
(1st in സയന്‍സ് പ്രൊജക്റ്റ് - പറവൂര്‍ ഉപജില്ല)
ശക്തമായ മഴയില്‍ വീട്ടുവളപ്പിലെ വെള്ളം റോഡിലേക്കാണ് ഒഴുക്കിവിടുന്നത്. ഇതുമുലം റോഡില്‍ വെള്ളകെട്ട് ഉണ്ടാകുന്നു. ഈ ചെളിവെള്ളം ചവിട്ടിവേണം സ്കൂളില്‍ എത്താന്‍ എന്ന പ്രശ്നമാണ് പ്രോജെക്ടിലുടെ വിഷയം പഠനവിധേയമാക്കാന്‍ കാരണം. കുടാതെ വെള്ളകെട്ട് റോഡില്‍ കുഴികള്‍ രുപപ്പെടുത്തു ന്ന തിനാല്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യും. ഞങ്ങളുടെ സാമൂഹ്യശാസ്ത്രം പാഠം 4 - ല്‍ (ക്ലാസ് 7 ) മഴയെ മണ്ണിലിറക്കാം എന്ന പാഠഭാഗവും പ്രചോദനമായി. അടുക്കളയിലെ ഭക്ഷണ/ ജൈവ അവശിഷ്ടങ്ങള്‍ ദൂരെ കൊണ്ടുപോയി കളയുക എന്ന നിത്യ ദുരിതത്തിനും പരിഹാരം കാണേണ്ടതും ആവശ്യമായിരുന്നു. പച്ചക്കറികളുടെ തീ പിടിച്ച വിലയും ഭയപ്പെടുത്തുന്നതാണ്.
നോര്‍ത്ത് പറവൂര്‍ താലുക്കില്‍ കെടാമംഗലം പ്രദേശത്തെ വെളുത്താട്ടു റോഡിന് ഇരുവശവും ഉള്ള വീട്ടുവളപ്പിലെ വെള്ളക്കെട്ടും, മണ്ണിന്‍റെ ജലാഗിരണശേഷിയും മനസ്സിലാക്കുന്നതി നും, അതിന്‍റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനും ഉപയുക്തമായ പ്രവര്‍ത്തനങ്ങളും, അനുബന്ധ പരീക്ഷണങ്ങളും, പ്രശ്നപരിഹാര ത്തിനുള്ള നിര്‍ദ്ദേശങ്ങളും അടങ്ങുന്ന പ്രോജെക്റ്റ് അടുക്കളത്തോട്ടം മെച്ചപ്പെട്ട രീതിയില്‍ പരിപാലിക്കുന്നതുകൂടി ഉള്‍പെടുത്തിയീട്ടുള്ള താണ്. മണ്ണിന്‍റെ ജലാഗിരണ ശേഷിയും അതിലെ വായുസഞ്ചാര വും വര്‍ദ്ധിപ്പിച്ചാല്‍ ഭൂഗര്‍ഭ ജല നിരപ്പ് ഉയരുകയും, ശുദ്ധജലം ലഭ്യമാവുകയും ചെയ്യും എന്നത് പ്രകൃതിദത്തമായ മാര്‍ഗമാണ് എന്ന് കണ്ടെത്തിയതാണ് പ്രധാനം. പരീക്ഷണത്തിലൂടെ ഇത് ആദ്യം കണ്ടെത്തുകയായിരുന്നു.
ഒരു സ്റ്റാന്‍ഡില്‍ അടിയില്‍ ദ്വാരങ്ങളിട്ട 5 സുതാര്യമായ പ്ലാസ്റ്റിക്ക് ഗ്ലാസ്സുകള്‍ നിരത്തുക. ഓരോന്നിനും താഴെയായി പ്ലാസ്റ്റിക് ഫുഡ് ബൗളുകളും വെക്കണം. ഗ്ലാസ്സുകള്‍ ഓരോന്നിലും യഥാക്രമം പൂഴിമണ്ണ്(ചൊരിമണല്‍), ചരല്‍(പുഴമണല്‍), കളി മണ്ണ്, വീട്ടുവളപ്പിലെ വെള്ളകെട്ടുള്ള ഭാഗത്തെ മണ്ണ് (ചാരവും,ചെളിയും കലര്‍ന്നിരിക്കും), ജൈവമണ്ണ്(ഇലകളും മറ്റു ജൈവാവശിഷ്ടങ്ങളും ദ്രവിച്ചുചേര്‍ന്നത്) ഓരോ ഗ്ലാസ്സിലും യഥാക്രമം പകുതി വീതം നിറക്കുക. ഓരോന്നിലും വെള്ളം അല്‍പാല്‍പമായി സാവധാനം ഒഴിക്കുക. പൂഴിമണ്ണിലെയും, ചരലിലെയും വെള്ളം താഴത്തെ ബൌളില്‍ പെട്ടെന്ന് ഊര്‍ന്ന് ഇറങ്ങുന്നത് കാണാം. എന്നാല്‍ കളി- മണ്ണില്‍ വെള്ളം കൂടുതലും കെട്ടി നില്‍ക്കുമ്പോള്‍ കുറച്ചു വെള്ളം അല്‍പസമയത്തിനുശേഷം മാത്രമാണ് താഴത്തെ ബൌളില്‍ എത്തുന്നത്. ചാരവും ചെളിയും കലര്‍ന്ന കറുത്ത മണ്ണിലെ വെള്ളം താഴേക്ക് ഇറങ്ങാതെ മുഴുവനും കെട്ടിനില്‍ക്കുന്നു. അതേസമയം ജൈവ മണ്ണിലേതാകട്ടെ കുറെ അധികം വലിച്ചെടുക്കുമ്പോള്‍ ബാക്കി മുഴുവനായും ഇറങ്ങിപ്പോവുകയും ചെയ്യുന്നു. താഴെ ബൌളില്‍ വീണ വെള്ളമാകട്ടെ വളരെ തെളിഞ്ഞതും ആയിരുന്നു. ഇലകളും ചവറും കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ചാരം ചെളിയുമായി കലര്‍ന്ന് മേല്‍മണ്ണില്‍ രൂപപ്പെടുന്ന പശിമയാണ് മണ്ണിലെ ദ്വാരങ്ങള്‍ (cappilary holes ) അടയുവാനും വെള്ളക്കെട്ടിനും കാരണം എന്ന് ഈ പരീക്ഷണത്തിലൂടെ
തെളിയിക്കുവാന്‍ സാധിച്ചു.
വീട്ടുവളപ്പിലെ അടിച്ചുകൂട്ടുന്ന ഇലകളും മറ്റു ജൈവ അവശിഷിടങ്ങളും കത്തിച്ചു ചാമ്പലക്കുന്നതിനു പകരം കുഴിച്ചുമൂടിയാല്‍ മണ്ണിര, സൂക്ഷ്മാണു, ചിതല്‍ എന്നിവ ഉണ്ടാക്കുന്ന വിഘടനപ്രവര്‍ത്തനംമൂലം ദ്രുതദ്രവീകരണം സംഭവിച്ച് മണ്ണില്‍ ലയിച്ചുചേരുന്നതിനു ഇടയാകുന്നു. ഇത് മണ്ണിലെ വായുസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ജലനിര്‍ഗമനത്തെ ത്വരിതപ്പെടുത്തുന്നു. കൂടാതെ മണ്ണിലെ ഇലകളുടെ സാന്നിദ്ധ്യം ജലം ശേഖരിക്കുവാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുമ്പോള്‍, ദ്രവിച്ച ഇലകള്‍ മഴവെള്ളത്തെ അരിച്ച് ഇറക്കുകയാണ് ചെയ്യുന്നത്.
വീടിനുചുറ്റും സിമന്‍റ് തറ നിര്‍മിക്കുന്നത് കാഴ്ചക്ക് നല്ലതുതന്നെ. എന്നാല്‍ ഇത്തരം വീടുകളില്‍ ബോര്‍വെല്‍, കിണര്‍ എന്നിവയിലെ വെള്ളം പൊതുവേ മലിനമായും, മഞ്ഞ നിറത്തിലും കാണുന്നു. മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാതെ ഒഴുകിപ്പോകുന്നതാണ് കാരണം. അതിനാല്‍ പരിസരത്തെ മലിന ജലമാണ് നമുക്ക് ലഭിക്കുക എന്ന് തിരിച്ചറിയുക. മഴവെള്ള സംഭരണികള്‍ നിര്‍മിക്കുകയോ, മഴവെള്ളം അരിച്ച് കിണറുകളില്‍ നേരിട്ട് സംഭരിക്കാവുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ആണ് ഇതിനു പരിഹാരം.
അടുക്കളത്തോട്ടം ചവറുംമറ്റും കുഴിച്ചിടുന്നിടത്തു നിര്‍മിച്ചാല്‍ ദ്രവിച്ചു ചേര്‍ന്നവ ചെടികള്‍ വലിച്ചെടുത്തു കൊള്ളും. ഇവയുടെ സാന്നിദ്ധ്യം മഴവെള്ളം ശേഖരിക്കുവാനും സഹായിക്കും. മണ്ണിലെ വേരുകള്‍ അഴുക്ക് താഴേക്ക് ഇറങ്ങാതെ തടയുവാനും ഇടയാക്കും.
പച്ചക്കറിയുടെയും, ഭക്ഷണത്തിന്‍റെയും അവശിഷ്ടങ്ങള്‍ അടുക്കളത്തോട്ടത്തില്‍ വളമായി ഉപയോഗിക്കാവുന്നതാണ്. ഇപ്രകാരം ചട്ടികളില്‍ മുളക്, വെണ്ട, വഴുതിന, കുറ്റിപ്പയര്‍, കുറ്റിമുരിങ്ങ, കുറ്റിക്കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ചീര എന്നിവയും ചാക്കുകളില്‍ ചേമ്പ്, കാച്ചില്‍, പീച്ചില്‍, പടവലം, പാവല്‍, കുമ്പളം, മത്തന്‍, അച്ചിങ്ങ, ടിഷ്യു കള്‍ച്ചര്‍ വാഴ എന്നിവയും നട്ട് ടെറസ്സില്‍ വളര്‍ത്താവുന്നതാണ്. രാസവളമില്ലാതെ നല്ല പച്ചക്കറി കിട്ടുന്നതോടൊപ്പം നിത്യച്ചെലവ് കുറയുന്നതിലൂടെ വീട്ടമ്മക്ക് ലാഭവും, വിരുന്നുകാര്‍ക്ക് പുതുമയും, ഏവര്‍ക്കും ആരോഗ്യവും ഉറപ്പാക്കാം. ഇതുപോലെ പച്ചമരുന്നുകളായ തുളസി, പനിക്കൂര്‍ക്ക, കരളകം (ഗരുഡക്കൊടി), വെറ്റില, തുമ്പ തുടങ്ങിയവയും വളര്‍ത്താവുന്നതാണ്. അജൈവമാലിന്യമായ
പ്ലാസ്റ്റിക് റോഡ് നിര്‍മാണത്തില്‍ ടാറിനൊപ്പം ചേര്‍ക്കാം. വെള്ളക്കെട്ടും, മാലിന്യപ്രശ്നങ്ങളും പരിഹരിക്കുന്നത് എത്രയോ എളുപ്പമാണ്. ശരീരത്തിനും മനസ്സിനും ആരോഗ്യം ഉറപ്പ്.
.



